Idukki

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

*കൂട്ടായ ശ്രമത്തിലൂടെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം- ജില്ലാ കളക്ടര്‍

ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തുടക്കമായി. ‘ഒരുമിക്കാം വൃത്തിയാക്കാം’ എന്ന  തീവ്രശുചീകരണ കാമ്പയ്ന്‍ വാഗമണ്ണില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നമുക്ക് മുന്നേറാനാകൂ എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കളക്ടര്‍ പറഞ്ഞു. വിദ്യാര്‍ഥികളും തൊഴിലാളികളും പൊതുജനങ്ങളും ഒരുമിക്കുന്ന ശുചീകരണ കാമ്പയ്ന്‍ ഇടുക്കിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കും.   ജില്ലയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും മികച്ച സഞ്ചാര അനുഭവം നല്‍കാന്‍ നമുക്ക് കഴിയണം. സഞ്ചാരികളും നാട്ടുകാരും ശുചിത്വ പരിപാലനത്തില്‍ ഒരുപോലെ ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
    ഏലപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  അമ്മിണി തോമസ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. കുട്ടിക്കാനം മരിയന്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജോബി സിറിയക് ആമുഖ പ്രഭാഷണവും അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. മാലതി  മുഖ്യപ്രഭാഷണവും  നടത്തി.

ജില്ലാ ശുചിത്വമിഷന്‍, മരിയന്‍ കോളേജ് കുട്ടിക്കാനം, ഡിടിപിസി ഇടുക്കി, ഏലപ്പാറ ഗ്രാമപഞ്ചായത്ത്, അഴുത ബ്ലോക്ക് പഞ്ചായത്ത്  എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് വാഗമണ്ണില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. പരിപാടിയില്‍ കുട്ടിക്കാനം മരിയന്‍ കോളേജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബും അരങ്ങേറി. ജില്ലാ ശുചിത്വമിഷന്റെ അസിസ്റ്റന്റ് ഡയറക്ടറും ജില്ലാ കോ ഓര്‍ഡിനേറ്ററുമായ  ഭാഗ്യരാജ് കെ ആര്‍., ത്രിതല പഞ്ചായത്ത് പ്രധിനിധികള്‍,
ഹരിതകര്‍മ്മ സേനാ അംഗങ്ങള്‍ , വിവിധ സംഘടനകള്‍,  കുട്ടിക്കാനം മരിയന്‍ കോളേജില്‍ നിന്നുള്ള ഇരുന്നൂറോളം കുട്ടികളും അധ്യാപകരും, പൊതുജനങ്ങള്‍ തുടങ്ങിയവര്‍  ശുചിത്വ യജ്ഞത്തില്‍
പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close