Ernakulam

വര്‍ണ്ണച്ചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റിന് തുടക്കം

കേരളം ബാലസൗഹൃദ സംസ്ഥാനമായി മാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പദ്ധതിയുമായി ബന്ധപ്പെട്ട് കര്‍മ്മ പദ്ധതി തയ്യാറാക്കി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കളമശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ വര്‍ണ്ണച്ചിറകുകള്‍- ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

എല്ലാ കുട്ടികളും വ്യത്യസ്തരാണ്. അവരുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. കുട്ടികളുടെ ഭാവി ശോഭനമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് വനിതാ ശിശു വികസന വകുപ്പ് നേതൃത്വം നല്‍കുന്നത്. വിവിധ മേഖലകളില്‍ സമൂഹത്തെ നയിക്കാന്‍ ഒരുങ്ങുന്ന കുട്ടികള്‍ക്ക് ഇത്തരം പരിപാടികളിലൂടെ ആത്മവിശ്വാസം പകര്‍ന്നു നല്‍കണം. സര്‍ക്കാര്‍ സംരക്ഷണയിലുള്ള കുട്ടികള്‍ക്ക് ‘വര്‍ണ്ണച്ചിറകുകള്‍’ ഒരുക്കുമ്പോള്‍ സമൂഹത്തിലെ മുഖ്യധാരയിലേക്ക് അവരെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കുട്ടികളുടെ ആഗ്രഹങ്ങളെ വളര്‍ത്തിയെടുക്കുന്ന വേദിയാണിത്. പ്രതിസന്ധികള്‍ക്കിടയിലും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ അവര്‍ക്ക് പിന്തുണ നല്‍കണം. 1300 ലധികം കുട്ടികളാണ് മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ അധ്യക്ഷത വഹിച്ചു. കളമശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.എ. അന്‍വര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്. കെ ഉമേഷ്, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍, ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ. ഷാജു, എസ്. എച്ച് പ്രൊവിന്‍സ് ആന്‍ഡ് മാനേജര്‍ ബെന്നി നല്‍കര സി.എം.ഐ, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് അസോസിയേറ്റ് ഡയറക്ടര്‍ ബിനോയ് ജോസഫ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

കേരള വനിതാ ശിശു വികസന വകുപ്പ് സംസ്ഥാനത്തെ വിവിധ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന വര്‍ണ്ണച്ചിറകുകളില്‍ ആതിഥേയ ജില്ലയായ എറണാകുളത്തെ സന്നദ്ധ സംഘടനകള്‍ നടത്തുന്ന ഹോമുകളിലെ കുട്ടികളും പങ്കെടുക്കുന്നുണ്ട്. 22 മത്സര ഇനങ്ങളാണ് അഞ്ച് വേദികളിലായി അരങ്ങേറുന്നത്. ഫെസ്റ്റ് 28ന് സമാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close