Alappuzha

ചേർത്തല ബോയ്സ് സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു

ആലപ്പുഴ: ഏഴര വർഷത്തിനിടെ സംസ്ഥാനത്ത് 5000 കോടി രൂപയുടെ സ്കൂൾ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളതെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിരവധി വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. 

വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പരിഗണനയാണ് സർക്കാർ നൽകുന്നത്.  ആധുനിക കാലത്തിനനുസരിച്ച് ക്ലാസ് മുറികൾ മാറേണ്ടതുണ്ട്. പഴയതുപോലെ പൊതുവിദ്യാലയങ്ങളെ ജനങ്ങൾ അവഗണിക്കുന്ന സ്ഥിതി നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.  രണ്ട് നിലകളിലായി ആറ് ക്ലാസ് മുറികളും ഒരു ടോയ്‌ലെറ്റുമടക്കമുള്ള ഇരുനില കെട്ടിടമാണ് നിർമ്മിക്കുന്നത്. ഇതിന് പുറമെ ഹയർസെക്കൻഡറി വിഭാഗത്തിനായി ഒരുകോടി രൂപ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ചെന്നും അതിന് ഭരണാനുമതി ലഭിച്ചെന്നും മന്ത്രി അറിയിച്ചു. 

ചടങ്ങിൽ ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ്, നഗരസഭാ വൈസ് പ്രസിഡന്റ് ടി. എസ് അജയകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ഏലിക്കുട്ടി ജോൺ, ശോഭാ ജോഷി, ജി. രഞ്ജിത്ത്, എ.എസ് സാബു, മാധുരി സാബു, കൗൺസിലർ  പി.ഉണ്ണികൃഷ്ണൻ, ആലപ്പുഴ ഡി.ഡി ഇ.സി സി കൃഷ്ണകുമാർ, സ്കൂൾ പ്രിൻസിപ്പൾ ടി. ലേജുമോൾ, ഹെഡ്മിസ്ട്രസ് ടി.എസ് ജിഷ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close