Kerala

കുഞ്ഞിനെ മുലയൂട്ടിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനവുമായി മന്ത്രി വീണാ ജോർജ്

*വനിത ശിശുവികസന വകുപ്പ് കുഞ്ഞുങ്ങളെ സംരക്ഷിക്കും

എറണാകുളത്ത് ചികിത്സയിലുള്ള മറ്റൊരു സംസ്ഥാനത്ത് നിന്നുള്ള അമ്മയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകിയ കൊച്ചി സിറ്റി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥയായ എം.എ. ആര്യയെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. മുലപ്പാൽ കുഞ്ഞിന്റെ പ്രാണനും അവകാശവുമാണ്. അമ്മയെന്ന രണ്ടക്ഷരത്തിൽ നിറയുന്നത് സ്നേഹത്തിന്റെ കനിവാണ്. അതിലിരമ്പുന്നത് ജീവന്റെ തുടിപ്പുകളും. എന്നാൽ ചില സാഹചര്യങ്ങളിൽ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നിഷേധിക്കപ്പെട്ടു പോകുമ്പോൾ മുലപ്പാലിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുകയാണ് ആര്യ. മുലപ്പാലിന്റെ പ്രാധാന്യം ഉൾക്കൊണ്ട് എല്ലാ അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങളെ 6 മാസം വരെയെങ്കിലും നിർബന്ധമായും മുലയൂട്ടേണ്ടതാണ്. കുഞ്ഞും സഹോദരങ്ങളും ശിശുഭവനിലാണുള്ളത്. അമ്മയുടെ രോഗം ഭേദമായി കുട്ടികളെ ഏറ്റെടുക്കും വരെ വനിത ശിശുവികസന വകുപ്പ് സംരക്ഷിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സമ്പൂർണ മുലയൂട്ടൽ കാലം കഴിഞ്ഞ് രണ്ട് വയസുവരെ മുലയൂട്ടൽ തുടരേണ്ടത് കുഞ്ഞുങ്ങളുടെ വളർച്ചയേയും ബുദ്ധിവികാസത്തേയും രോഗ പ്രതിരോധ ശേഷിയേയും വർധിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ഈ ലക്ഷ്യം മുൻനിർത്തി വനിത ശിശുവികസന വകുപ്പും ആരോഗ്യ വകുപ്പും വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ശിശുസൗഹൃദ, ബാലസൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മുലയൂട്ടൽ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാന്റുകൾ, ആശുപത്രികൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യാപാര സമുച്ഛയങ്ങൾ എന്നിവിടങ്ങളിൽ മുലയൂട്ടൽ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ സ്ഥാപനങ്ങളിൽ ശിശു പരിപാലന കേന്ദ്രങ്ങളും മുലയൂട്ടൽ കേന്ദ്രങ്ങളും സ്ഥാപിച്ചു വരുന്നു. വനിതശിശു വികസന വകുപ്പിന്റെ കീഴിൽ മാത്രം 28 മുലയൂട്ടൽ കേന്ദ്രങ്ങളും ക്രഷുകളും പ്രവർത്തിക്കുന്നുണ്ട്. ഇവ കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് മുലപ്പാൽ വളരെ പ്രധാനമാണ്. ആദ്യ ഒരു മണിക്കൂറിൽ നവജാതശിശുവിന് മുലപ്പാൽ നൽകുന്നുവെന്ന് ഉറപ്പാക്കണം. അതുപോലെ ആദ്യ ആറ് മാസം മുലപ്പാൽ മാത്രം നൽകുകയും വേണം. ഈ രണ്ട് കാര്യങ്ങളും കുഞ്ഞിന്റെ വളർച്ചയിൽ നിർണായകമാണ്. ഇത്തരം പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികളെ മാതൃ ശിശു സൗഹൃദ ആശുപത്രികളായി പരിവർത്തനം ചെയ്യ്തു വരുന്നു. 50 ഓളം ആശുപത്രികളെ മാതൃശിശു സൗഹൃദ ആശുപത്രികളാക്കി മാറ്റി.

വിവിധ കാരണങ്ങളാൽ മുലയൂട്ടാൻ കഴിയാത്ത അമ്മമാരുടെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്ത് മുലപ്പാൽ ബാങ്കുകളും സ്ഥാപിച്ചു വരുന്നു. കോഴിക്കോട് മാതൃശിശു കേന്ദ്രത്തിലും തൃശൂർ മെഡിക്കൽ കോളേജിലും ഈ സർക്കാരിന്റെ കാലത്താണ് മിൽക്ക് ബാങ്ക് പ്രവർത്തന സജ്ജമാക്കിയത്. ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിലും മിൽക്ക് ബാങ്ക് ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുന്നു. ഇതുകൂടാതെ സംസ്ഥാനത്തെ 23 പ്രധാന സർക്കാർ ആശുപത്രികളിൽ ലാക്ടേഷൻ മാനേജ്മെന്റ് യൂണിറ്റുകളും സജ്ജമാക്കി വരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close