Ernakulam

നവകേരള സദസ്സ് കേരളത്തിന്റെ ഭാവിയുടെ  ഏറ്റവും വലിയ പ്രതീക്ഷ: മുഖ്യമന്ത്രി

നവകേരള സദസ്സ് കേരളത്തിന്റെ ഭാവിയുടെ ഏറ്റവും വലിയ പ്രതീക്ഷയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃപ്പൂണിത്തുറ മണ്ഡലതല  നവ കേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല എന്ന പിന്തുണയാണ് നവകേരള സദസ്സിലേക്ക് ഒഴുകിയെത്തിയ ജനവിഭാഗം പ്രഖ്യാപിക്കുന്നത്. കേരളം ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നു, ഭാവിയില്‍ ജനങ്ങളുടെ ആശയങ്ങളും സ്വീകരിച്ച് മുന്നോട്ട് പോകുക എന്ന ലക്ഷ്യത്തോടെയാണ് നവ കേരളസദസ് സംഘടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ വികസന വിരുദ്ധ നിലപാടുകള്‍ ജന സമക്ഷം അറിയിക്കുക എന്നതായിരുന്നു മറ്റൊരു ലക്ഷ്യം.

2011 മുതല്‍ 2016 വരെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലയളവില്‍ അതിഭീകരമായ വികസന മുരടിപ്പാണ് കേരളത്തില്‍ ഉണ്ടായത്. അതിനുശേഷം വന്ന എല്‍.ഡി.എഫ് സര്‍ക്കാരിന് സമസ്ത മേഖലകളെയും വികസനപാതയിലേക്ക് നയിക്കാന്‍ സാധിച്ചു. പ്രകടനപത്രികയിലെ ഓരോ വാഗ്ദാനങ്ങളും കൃത്യമായി നടപ്പിലാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

കേന്ദ്രവും സംസ്ഥാനവും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതികള്‍ സംസ്ഥാനം പൂര്‍ത്തിയാക്കുകയും പൂര്‍ത്തിയായതിനു ശേഷം കേന്ദ്രം വിഹിതം നല്‍കുക എന്ന വ്യവസ്ഥ ഇന്ന് പാലിക്കുന്നില്ല. ഇതിന് പുറമെയാണ് സംസ്ഥാനത്തിന് കടം വാങ്ങാനുള്ള അവകാശം വെട്ടിക്കുറച്ചത്. കടം വാങ്ങാനുള്ള അവകാശം ഭരണഘടനാപരമായി സംസ്ഥാനങ്ങളുണ്ട്. കേന്ദ്രം കടമെടുക്കുന്നതിന്റെ പരിധി വെട്ടിക്കുറക്കുന്ന ഭരണഘടന വിരുദ്ധ നിലപാടിനെയാണ് കേരളം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുന്നത്. മതനിരപേക്ഷത ചേര്‍ത്തുപിടിക്കുന്ന കേരളത്തിനോടുള്ള രാഷ്ട്രീയപരമായ വിയോജിപ്പാണ് വികസനവിരുദ്ധ നിലപാടുകളിലൂടെ കേന്ദ്രം പ്രകടിപ്പിക്കുന്നത്.

കേന്ദ്രത്തിന്റെ ഈ വികസനവിരുദ്ധ നിലപാടുകള്‍ക്കെതിരെ സര്‍ക്കാരിനോട് ചേര്‍ന്ന് നില്‍ക്കേണ്ട പ്രതിപക്ഷം പ്രതിഷേധ ശബ്ദം ഉയര്‍ത്താത്തത് നിര്‍ഭാഗ്യകരമാണ്. സംസ്ഥാനത്തിന്റെ ഈ പ്രശ്‌നത്തില്‍ പ്രതിപക്ഷം വേണ്ട പിന്തുന്ന നല്‍കുന്നില്ല. കേരളം തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മാനസികാവസ്ഥയില്‍ തന്നെയാണ് കോണ്‍ഗ്രസും യു.ഡി.എഫും. ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ്  എം.പിമാര്‍ ശ്രമിക്കുന്നില്ല.

ഈ ഘട്ടത്തില്‍ നവ കേരള സദസ്സുമായി സര്‍ക്കാര്‍ ജനങ്ങളിലേക്ക് എത്തുമ്പോള്‍ ചേര്‍ന്ന് നില്‍ക്കേണ്ട പ്രതിപക്ഷം മോശമായ അഭിപ്രായ പ്രകടനങ്ങളുമായാണ് മുന്നോട്ടുവന്നത്. എന്നാല്‍ നവ കേരള സദസ്സ് ആരംഭം മുതല്‍ എല്ലാ പരിപാടികളിലും ഒഴുകിയെത്തിയ ജനക്കൂട്ടം ഇതിനു മറുപടി കൊടുത്തു കഴിഞ്ഞു. ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തില്‍ പോലും വന്‍ ജനാവലിയാണ് എത്തിയത്. നവകേരള സദസ്സുകളുടെ ഭാഗമായി നടന്ന പ്രഭാത യോഗങ്ങളില്‍  സമൂഹത്തിന്റെ നാനതുറയിലുള്ളവര്‍ പങ്കെടുത്തു. കോണ്‍ഗ്രസില്‍ നിന്നുള്ളവര്‍ പോലും പങ്കെടുക്കുകയുണ്ടായി.

ജനസഹസ്രങ്ങള്‍ ഒഴുകി എത്തുന്നത് 
നാട് ഇനിയും മുന്നോട്ട് കുതിക്കാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം എന്ന ചിന്തയില്‍ നിന്നാണ്. നാടിന്റെ നന്മയ്ക്ക് അണിനിരക്കണം എന്ന  തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടായി. മാറ്റിവച്ചിട്ട് പിന്നീട് നടത്തിയ എറണാകുളം ജില്ലയിലെ നവ  കേരള സദസ്സുകളിലും വന്‍ ജനപങ്കാളിത്തമാണ് കാണാന്‍ കഴിയുന്നത്. ഇത് കേരളത്തിന്റെ ഭാവിക്കായി എല്ലാവരും ഒരുമിച്ച് അണിനിരക്കണം എന്ന ആശയമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി വഴി സ്വന്തം വീട് എന്ന സ്വപ്നം പൂര്‍ത്തീകരിച്ച് മരട് നഗരസഭയില്‍ താമസിക്കുന്ന ഒറീസ സ്വദേശി  അഭിജിത് മണ്ഡലും കുടുംബവുമാണ് മുഖ്യമന്ത്രിയെ വേദിയിലേക്ക് സ്വീകരിച്ചത്. സര്‍ക്കാരിന്റെ ഉജ്വല ബാല്യം പുരസ്‌കാരം നേടിയ ഭിന്നശേഷിക്കാരിയായ ബിയങ്ക താന്‍ വരച്ച ഛായാചിത്രം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.

യോഗത്തില്‍ നവകേരള സദസ്സ് തൃപ്പൂണിത്തുറ മണ്ഡലതല സംഘാടകസമിതി ചെയര്‍മാന്‍ എം.  സ്വരാജ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, രാമചന്ദ്രന്‍ കടന്നപ്പിള്ളി, കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു. 

മന്ത്രിമാരായ പി.രാജീവ്, എ.കെ. ശശീന്ദ്രന്‍, ജെ.ചിഞ്ചു റാണി, കെ. രാധാകൃഷ്ണന്‍,  പി.എ. മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിന്‍, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, എം.ബി. രാജേഷ്,പി.പ്രസാദ്, ജി.ആര്‍. അനില്‍, കെ.കൃഷ്ണന്‍കുട്ടി,വി.അബ്ദുറഹിമാന്‍, വീണാ ജോര്‍ജ്, മേയര്‍ എം. അനില്‍ കുമാര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് എന്നിവര്‍ പങ്കെടുത്തു. തൃപ്പൂണിത്തുറ മണ്ഡലതല സംഘാടകസമിതി കണ്‍വീനറും ഡെപ്യൂട്ടി കളക്ടറുമായ കെ.ഉഷാ ബിന്ദുമോള്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു. സംഘാട സമിതി ചെയര്‍മാന്‍ ടി. സി ഷിബു നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close