Kerala

പരാതി എന്തായി? എസ്ഐ ഇങ്ങോട്ടു വിളിക്കും; കോൾ റിക്കോർഡ് ചെയ്ത് മേലുദ്യോഗസ്ഥന് അയയ്ക്കണം

ലഭിക്കുന്ന പരാതിയിലും എടുക്കുന്ന കേസുകളിലുമുള്ള തുടർനടപടികൾ പരാതിക്കാരനെ എസ്ഐ തന്നെ ഫോണിൽ വിളിച്ചറിയിക്കുന്ന പൊലീസിന്റെ പരാതിപരിഹാര പദ്ധതിക്ക് തിരുവനന്തപുരത്തു വിജയം. പരാതിക്കാരനെ വിളിച്ചറിയിച്ചാൽ മാത്രം പോരാ ഇൗ കോൾ റിക്കോർഡ് ചെയ്ത് മേലുദ്യോഗസ്ഥന് അയയ്ക്കുകയും ചെയ്യണം. തിരുവനന്തപുരം നഗരപരിധിയിലെ 25 പൊലീസ് സ്റ്റേഷനിലും ഒരു മാസമായി നടപ്പാക്കുന്ന ‘കംപ്ലെയ്നന്റ് കോണ്ടാക്ട് പ്രോഗ്രാം’ (സിസിപി) പരാതിക്കാർക്കു ഗുണമാണെന്നാണു വിലയിരുത്തൽ. 

സാധാരണ ഒരാൾ പരാതി  കൊടുത്താൽ ‌നടപടി എന്തായെന്നറിയാൻ പ്രത്യേകിച്ച് ഒരു മാർഗവും ഇപ്പോഴില്ല. എഫ്ഐആർ എടുത്താൽ അതു വെബ്സൈറ്റിൽ നിന്നു ലഭിക്കും. എന്നാൽ കേസന്വേഷണം നടന്നോ, പ്രതിയെ പിടിച്ചോ എന്നൊക്കെയറിയാൻ സ്റ്റേഷനിൽ പോയി അന്വേഷിക്കണം. എന്നാൽത്തന്നെ എസ്ഐ സ്ഥലത്തില്ലെങ്കിൽ മറുപടി കിട്ടാറുമില്ല. എസ്ഐയോടു പോയി ചോദിക്കാനുള്ള ധൈര്യം മിക്കവാറും പരാതിക്കാർക്ക് ഉണ്ടാകാറുമില്ല. സ്റ്റേഷനിലെ എസ്ഐയുടെ  തിരക്കാണു മിക്കപ്പോഴും കേസന്വേഷണത്തിൽ മെല്ലെപ്പോക്കിനു കാരണമാകുന്നതും. പിന്നീടു രാഷ്ട്രീയക്കാരുടെയോ മറ്റോ ശുപാർശയാണു പരാതിക്കാരന്റെ ഏക പോംവഴി. പരാതിയിൽ നടപടിയൊന്നും ഉണ്ടായില്ലെങ്കിൽ മറുഭാഗത്തെ ആരോ സ്വാധീനിച്ചുവെന്നു പൊലീസിനു പഴിയും കേൾക്കേണ്ടിവരും. 

ഇതിനു പരിഹാരമായാണു സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു നടപ്പാക്കിയ പരാതി പരിഹാര പദ്ധതി. പൊലീസ് സ്റ്റേഷനുകളിൽ ക്രമസമാധാനം, ഇൻവെസ്റ്റിഗേഷൻ, കോടതികളിലെ കേസ് നോക്കുന്ന ഓഫിസർ ഇങ്ങനെ മൂന്ന് എസ്ഐമാരും ദിവസം കുറഞ്ഞത് രണ്ടു പരാതികളിലും കേസുകളിലും  പരാതിക്കാരെ വിളിച്ച് കാര്യങ്ങൾ അറിയിക്കണം. ഒരു മാസമായി നഗരത്തിൽ നടത്തുന്ന ഇൗ പദ്ധതി വിജയം കണ്ടതിനാൽ സംസ്ഥാനത്തു മറ്റു സ്റ്റേഷനുകളിലും നടപ്പാക്കാനൊരുങ്ങുകയാണു പൊലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close