Kerala

ശബരി കെ-റൈസ് വിപണിയിലേക്ക്: വിതരണം 12 മുതൽ

*സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

*ജയകുറുവമട്ട അരികൾ കിലോയ്ക്ക് 29,30 രൂപ നിരക്കിൽ ലഭിക്കും

സംസ്ഥാന സർക്കാർ കെ റൈസ് ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന അരിയുടെ വിതരണം മാർച്ച് 12 മുതൽ ആരംഭിക്കും. സംസ്ഥാനതല വിതരണോദ്ഘാടനം 12ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശബരി കെ-റൈസ് (ജയ), ശബരി കെ-റൈസ് (കുറുവ), ശബരി കെ-റൈസ് (മട്ട) അരികളാണ് വിപണിയിലെത്തുന്നത്. ജയ അരി കിലോക്ക് 29 രൂപ നിരക്കിലും മട്ട അരിയും കുറുവ അരിയും കിലോക്ക് 30 രൂപ നിരക്കിലുമാകും വിതരണം ചെയ്യുകയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സപ്ലൈകോ സബ്‌സിഡിയായി റേഷൻ കാർഡ് ഉടമകൾക്കു നൽകിയിരുന്ന അരിയുടെ ഭാഗമായാണു കെ റൈസ് വിപണിയിൽ എത്തിക്കുന്നത്. റേഷൻ കാർഡ് ഒന്നിന് മാസംതോറും അഞ്ച് വിലോ അരി വീതം നൽകും. ഇതോടൊപ്പം സപ്ലൈകോയിൽ നിന്ന്  സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന മറ്റ് അരികൾ  കാർഡ് ഒന്നിന് അഞ്ച് കിലോവീതം വാങ്ങാമെന്നും മന്ത്രി പറഞ്ഞു.

പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാൻഡിൽ അരി വിതരണം ചെയ്യുവാൻ തീരുമാനിച്ചത്. ടെൻഡർ നടപടികൾ പാലിച്ചു കൊണ്ട് ഗുണനിലാവരം ഉറപ്പു വരുത്തിതയാണ് അരി സംഭരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയിൽ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയിൽ കുറുവ അരിയുമാകും വിതരണത്തിനെത്തുക. ആദ്യഘട്ടത്തിൽ അഞ്ചുകിലോ അരിയുടെ പാക്കറ്റാണ് നൽകുക ഭക്ഷ്യമന്ത്രി ജിആർ അനിൽ തിരുവനന്തപുരത്ത് പറഞ്ഞു. സപ്ലൈകോയുടെയും ശബരി ബ്രാൻഡ് ഉൽപ്പന്നങ്ങളുടെയും പ്രമോഷന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തിൽ ശബരി കെ-റൈസ് ബ്രാൻഡഡ് സഞ്ചിയിൽ വിതരണം ചെയ്യുന്നത്. 10 ലക്ഷം രൂപയിൽ താഴെയാണു തുണി സഞ്ചിക്കുള്ള ചെലവ്. സഞ്ചി ഒന്നിന്റെ വില പരമാവധി 13-14 രൂപയായിരിക്കും. പരസ്യത്തിൽനിന്നുള്ള തുകയാണ് ഇതിനായി കണ്ടെത്തുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന അതേ അരിയാണ് കേന്ദ്ര സർക്കാർ ഭാരത് അരി എന്ന പേരിൽ വിതരണം ചെയ്യുന്നതെന്. ഭാരത് അരിയുടെ വില 29 രൂപയാണെങ്കിലും നാഫെഡ് അടക്കമുള്ള സ്ഥാപനങ്ങൾ വാങ്ങുന്നത് 18.59 രൂപയ്ക്കാണ്. 10.41 രൂപ ലാഭത്തിനാണ് ഈ അരി വിൽക്കുന്നത്. എന്നാൽ, 9.50 രൂപ മുതൽ 11.11 രൂപവരെ ബാധ്യത ഏറ്റെടുത്താണ് ശബരി കെ റൈസ് സംസ്ഥാന സർക്കാർ പൊതുജനത്തിനു നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close