Kerala

യുവാക്കൾ വിദേശത്തേക്കു പോകുന്നതു ബ്രെയിൻ ഡ്രെയിനല്ല, കഴിവുകളുടെ ദൃഷ്ടാന്തം: മുഖ്യമന്ത്രി

യുവാക്കൾ തൊഴിൽ തേടി വിദേശത്തേക്കു പോകുന്നതിനെ കേവലം ബ്രെയിൻ ഡ്രെയിൻ ആയി ചുരുക്കിക്കാണേണ്ടതില്ലെന്നും കേരളത്തിന്റെ സോഷ്യൽ ക്യാപിറ്റലിനെ ലോകത്താകെ വിന്യസിക്കുന്ന പ്രക്രിയയായി ഇതിനെ കാണാൻ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ തുടർച്ചയായി സംസ്ഥാനത്തെ യുവജനങ്ങളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലുകൾ ഇല്ലാത്തതോ മാന്യമായി തൊഴിൽ ചെയ്യാനുള്ള സാഹചര്യമില്ലാത്തതോ ആയ സ്ഥലമാണ് കേരളമെന്നു പലരും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുവാക്കൾ വിദേശത്തേക്ക് പോകുന്നത് ഇതുകൊണ്ടാണെന്ന് അത്തരക്കാർ ആക്ഷേപിക്കാറുണ്ട്. നമ്മുടെ യുവാക്കൾ തങ്ങളുടെ ശേഷികൾക്കനുസൃതമായ തൊഴിലുകൾ തേടി ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പോകാറുണ്ട് എന്നത് വസ്തുതയാണ്. കുടിയേറ്റത്തിന്റെ ഒരു നൂറ്റാണ്ടിലധികം നീണ്ടുനിൽക്കുന്ന ചരിത്രം തന്നെ കേരളത്തിനുണ്ട്. ഏതു നൂതന മേഖലയിലും ലോകത്താകെ ഇന്നു മലയാളികളുള്ളത് നമ്മൾ ആ മേഖലകളിലെല്ലാം മികച്ച ശേഷികൾ കൈവരിച്ചതുകൊണ്ടാണ്. അതുകൊണ്ടു കേരളീയരുടെ പ്രവാസം നമ്മൾ ആർജ്ജിച്ച കഴിവുകളുടെയും ശേഷികളുടെയും ദൃഷ്ടാന്തമാണ്.

ചെറുപ്പക്കാർ വിദേശത്ത് പോകുമ്പോൾ അവർക്കുവേണ്ട സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ഒരുക്കുന്നുണ്ട്. സ്വകാര്യ ഏജൻസികളുടെ തട്ടിപ്പുകളിൽ നിന്നു തൊഴിലന്വേഷകരെ മോചിപ്പിച്ചുകൊണ്ടാണ് ഒഡെപെക് എന്ന സംവിധാനം നടപ്പാക്കിയിട്ടുള്ളത്. ഏറ്റവും മികച്ച റിക്രൂട്ട്മെന്റ് ഏജൻസിക്കുള്ള 2022 ലെ ഫിക്കി അവാർഡ് കരസ്ഥമാക്കിയത് ഒഡെപെക് ആണ്. ഒഡെപെക്കിന് കീഴിൽ അയാട്ടാ അംഗീകാരമുള്ള ഒരു ട്രാവൽ ഡിവിഷനുമുണ്ട്. കഴിഞ്ഞ നാലുവർഷം കൊണ്ട് 1,625 പേരെയാണ് ഒഡെപെക്കിലൂടെ റിക്രൂട്ട് ചെയ്തത്. സൗദി അറേബ്യ, യു എ ഇ, ഒമാൻ, ഖത്തർ, യു കെ, അയർലണ്ട്, ജർമ്മനി, ബെൽജിയം, ഉസ്‌ബെക്കിസ്ഥാൻ എന്നിവിടങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റുകളാണ് നടത്തിയിട്ടുള്ളത്. ജർമ്മനിയിലേക്ക് നഴ്‌സുമാർക്കുള്ള സൗജന്യ റിക്രൂട്ട്മെന്റും അതിനുള്ള സൗജന്യ പരിശീലനവും നടത്തിയത് ഒഡെപെക്കിലൂടെയാണ്. 2023 ആഗസ്റ്റ് മാസത്തിലാണ് ആദ്യ ബാച്ച് ജർമ്മനിയിലേക്കു പോയത്. യു കെ എച്ച് ഇ ഇ (ഹെൽത്ത് എഡ്യുക്കേഷൻ ഇംഗ്ലണ്ട്) യുമായി ചേർന്ന് കഴിഞ്ഞ 3 വർഷമായി നഴ്‌സുമാർക്കുള്ള റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. 600 ലധികം നഴ്‌സുമാർക്ക് 3 വർഷത്തിനകം യു കെയിൽ ജോലി ലഭ്യമാക്കിയിട്ടുണ്ട്. നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് യു കെയിലെ ഡബ്ല്യു വൈ ഐ സി ബി (വെസ്റ്റ് യോക്ഷേർ ഇന്റഗ്രേറ്റഡ് കെയർ ബോർഡ്) യുമായി കരാർ ഒപ്പുവെച്ചിട്ടുണ്ട്.

വിദ്യാർഥികൾക്ക് വിദേശരാജ്യങ്ങളിൽ പഠിച്ച് ഉന്നതബിരുദം നേടാനും ഉന്നതജോലി ഉറപ്പാക്കുന്നതിനും ‘സ്റ്റഡി എബ്രോഡ്’ പദ്ധതി നടപ്പാക്കുന്നുണ്ട്. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസുമായി സഹകരിച്ച് റിയാദ്, ദുബായ്, അബുദാബി എന്നിവിടങ്ങളിൽ ഇന്റർനാഷണൽ എംപ്ലോയ്‌മെന്റ് എക്സ്പോകൾ നടത്തിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, അങ്കമാലി, കോഴിക്കോട്, ന്യൂഡൽഹി എന്നിവിടങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. അവയിലൂടെ ഐ ഇ എൽ ടി എസ്, ഒ ഇ ടി എന്നീ പരീക്ഷകൾക്കും ജർമ്മൻ ഭാഷയിലും പരിശീലനം നൽകുന്നുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ഒ ഇ ടി പരീക്ഷാകേന്ദ്രമാണ് 2021 ൽ അങ്കമാലിയിൽ ആരംഭിച്ചത്.

വിദേശത്ത് പോകാൻ താൽപ്പര്യമുള്ളവർക്ക് അതിനുള്ള അവസരങ്ങൾ ഒരുക്കുമ്പോൾത്തന്നെ കേരളത്തിൽ മികച്ച സാഹചര്യങ്ങൾ നിലനിൽക്കുന്നു എന്നുറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും മികച്ച തൊഴിൽ സാഹചര്യമാണ് കേരളത്തിൽ ഉള്ളതെന്നാണ് ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പഠനം പൂർത്തിയാക്കി തൊഴിൽരംഗത്ത് ഇറങ്ങുന്ന ഇന്ത്യയിലെ കൂടുതൽ യുവജനങ്ങളും ലിംഗഭേദമന്യേ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന നാട് കേരളമാണെന്ന് ആ റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. 18 നും 21 നും ഇടയിലുള്ള പ്രായക്കാരിൽ ഏറ്റവും തൊഴിൽക്ഷമതയുള്ള സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനം കേരളത്തിനാണ്. പ്രായവ്യത്യാസമില്ലാതെ സ്ത്രീകളും പുരുഷന്മാരും ഒരേപോലെ ജോലിചെയ്യാൻ ഇഷ്ടപ്പെടുന്ന രാജ്യത്തെ നഗരങ്ങളിൽ കൊച്ചി രണ്ടാമതും തിരുവനന്തപുരം നാലാമതുമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close