Kerala

തദ്ദേശീയ കായിക മത്സരങ്ങളെ വിനോദസഞ്ചാരവുമായി കൂട്ടിയിണക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കേരളത്തിന്റെ മാത്രം പ്രത്യേകതയായ തദ്ദേശീയ കായിക മത്സരങ്ങളെ വിനോദസഞ്ചാരവുമായി കൂട്ടിയിണക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ ‘പ്രാദേശിക കായിക മത്സരങ്ങളും വിനോദസഞ്ചാരവും’ എന്ന വിഷയത്തിൽ നടന്ന സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ തദ്ദേശീയ കായിക ഇനങ്ങളുടെ വിപുലമായ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണു സർക്കാർ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. കായിക മന്ത്രിയുമായി ഇക്കാര്യം ചർച്ച നടത്തി. ചാമ്പ്യൻസ് സ്പോർട്സ് ലീഗ് വള്ളംകളി പോലെ വലിയ ജനപങ്കാളിത്തം ഉള്ള കായിക ഇനങ്ങളുടെ വിനോദസഞ്ചാരസാധ്യത പ്രയോജനപ്പെടുത്തും. മത്സരത്തിന്റെ സ്വഭാവം ഐപിഎൽ മാതൃകയിൽ ആക്കിയതോടെ ചാമ്പ്യൻസ് സ്പോർട്സ് ലീഗിന് അന്താരാഷ്ട്ര ശ്രദ്ധ നേടാനായിട്ടുണ്ട്. ലോക വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഇതുവഴി സാധിക്കും.

രാജ്യത്ത് ആദ്യമായി ഒരു സർഫിംഗ് അക്കാദമിക്ക് രൂപം കൊടുത്തതു കേരളത്തിലാണ്. കേരളത്തിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതി കയാക്കിംഗ്, സർഫിംഗ് തുടങ്ങിയ കായിക വിനോദങ്ങളിൽ താല്പര്യമുള്ളവർക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നു. സെവൻസ് ഫുട്ബോൾ, തലപ്പന്തുകളി തുടങ്ങിയ തദ്ദേശീയ കായിക വിനോദങ്ങൾ സംഘടിപ്പിക്കാൻ വിനോദസഞ്ചാര വകുപ്പ് ആലോചിക്കുന്നുണ്ട്. മലബാർ റിവർ ഫെസ്റ്റിവൽ, ഇൻറർനാഷണൽ പാരഗ്ലൈഡിങ് ഫെസ്റ്റിവൽ, ഇൻറർനാഷണൽ സർഫിങ് ഫെസ്റ്റിവൽ എന്നിവ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുകയാണ് ടൂറിസം വകുപ്പ്. ഇത്തരം ചാമ്പ്യൻഷിപ്പുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ കേരളത്തിന്റെ ടൂറിസം കായിക വിനോദ സാധ്യതകൾക്ക് വലിയ പ്രചാരം നേടാനാകുമെന്ന് ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.

തദ്ദേശീയ കായിക ഇനങ്ങളെ വിനോദസഞ്ചാരവുമായി കോർത്തിണക്കുന്നതുമായി ബന്ധപ്പെട്ട് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായങ്ങൾ പങ്കുവെച്ചു. ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ പ്രേം കൃഷ്ണൻ, ഡോ. പിയൂഷ് ജയിൻ, പ്രോ പഞ്ചാ ലീഗ് സ്ഥാപകൻ പർവീൻ ദബാസ്, എസ്എംആർഐ എം ഡി സിജിൻ ബി ടി, സ്പാനിഷ് സോക്കർ ടീം സിഇഒ അലജാന്ദ്രോ ഡയസ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close