Kerala

മഹാകവി കുമാരനാശാന്‍ ചരമ ശതാബ്ദി ‘ആശാന്‍ സ്മൃതി’ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: മഹാകവി കുമാരനാശാന്റെ നൂറാം ചരമ വാര്‍ഷികം ‘ആശാന്‍ സ്മൃതി’  പല്ലന ആശാന്‍ സ്മാരകത്തില്‍ ജനുവരി 17, 18 തിയതികളില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. കുമാരനാശാന്‍ ചരമ ശതാബ്ദി സമ്മേളനം 18-ന് വൈകുന്നേരം 3:30ന് ഫിഷറീസ്, സാംസ്‌കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. പല്ലന കുമാരനാശാന്‍ സ്മാരക സമിതിയുടെയും തോന്നയ്ക്കല്‍ കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍
രമേശ് ചെന്നിത്തല എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. ആശാന്‍ ചരമ ശതാബ്ദി പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. 

തോന്നയ്ക്കല്‍ കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ വി. മധുസൂദനന്‍ നായര്‍ മുഖ്യാതിഥിയാകും. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം. സത്യന്‍ മുഖ്യ പ്രഭാഷണം നടത്തും. മുന്‍ എം.എല്‍.എ.മാരായ ടി.കെ. ദേവകുമാര്‍, ബി. ബാബുപ്രസാദ്, ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ്
കെ.എച്ച്. ബാബുജാന്‍, മറ്റു ജനപ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

നാളെ (ജനുവരി 17 ന്) രാവിലെ 8.30-ന് കുമാരനാശാന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പര്‍ച്ചന നടത്തി പതാക ഉയര്‍ത്തും. 10 മണിക്ക് സമ്മേളനം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. കുമാരനാശാന്‍ സ്മാരക സമിതി ചെയര്‍മാന്‍ രാമപുരം ചന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും. ആലപ്പുഴ ജില്ലപഞ്ചായത്ത് പ്രസിസന്റ് കെ.ജി. രാജേശ്വരി മുഖ്യാതിഥിയാകും. ‘ആശാന്‍ കവിതകളുടെ സമകാലിക പ്രസക്തി’ വിഷയത്തില്‍  കേരള സര്‍വകലാശാല ശ്രീനാരായണ ഗുരു അന്തര്‍ദേശീയ പഠന കേന്ദ്രം ഡയറക്ടര്‍ ഡോ.എം.എ. സിദ്ദീഖ് വിഷയാവതരണം നടത്തും. ‘ആശാന്‍ കവിതകളിലെ സ്ത്രീ’ എന്ന വിഷയത്തില്‍ കേരള   സാക്ഷരത മിഷന്‍ ഡയറക്ടര്‍ പ്രൊഫ.എ.ജി. ഒലീന, നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.പി. ശര്‍മ്മിള എന്നിവര്‍ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് രണ്ടിന് കവിസംഗമം പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാര്‍ അധ്യക്ഷത വഹിക്കും. വൈകീട്ട് ഏഴിന് കെ.പി.എ.സി.യുടെ നാടകം ‘മുടിയനായ പുത്രന്‍’ അരങ്ങേറും.

18-ന് രാവിലെ 10 മണിക്ക് കുട്ടികളുടെ കലാമത്സരങ്ങള്‍ ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അലിയാര്‍ എം. മാക്കിയില്‍ ഉദ്ഘാടനം ചെയ്യും. കുമാരനാശാന്‍ സ്മാരക സമിതി അംഗം കുമാരകോടി ബാലന്‍ അധ്യക്ഷനാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close