Wayanad

വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ശ്രദ്ധ -മന്ത്രി വി ശിവന്‍കുട്ടി

ബത്തേരി സര്‍വജന സ്‌കൂള്‍ ഹൈടെക് കെട്ടിടം ഉദ്ഘാടനം ചെയ്തു

 കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി .സ്‌കൂള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി സര്‍വജന ഗവ.ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച ആധുനിക ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ആധുനിക ലാബ് സൗകര്യം, അത്യാധുനിക ലൈബ്രറി, കായിക പരിശീലനത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഗുണമേന്മയുള്ള വിദ്യാഭാസം നല്‍കുന്നതോടൊപ്പം അവരുടെ കലാ കായിക രംഗത്തെ കഴിവ് വര്‍ദ്ധിപ്പിക്കാനും ശ്രദ്ധിക്കണം. ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.

സര്‍വജന സ്‌കൂളിലെ ഷഹല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ വിയോഗം ഏറെ വേദനിപ്പിച്ചെന്നും വിദ്യാലയങ്ങളില്‍ അത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു. 3800 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണമാണ് കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയില്‍ നടന്നത്. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ തല ത്തില്‍ നടത്തുന്ന മത്സര പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതിന് അധ്യാപകര്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും മന്ത്രി പറഞ്ഞു.

സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ഹാപ്പിനസ് കോര്‍ണര്‍ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു .ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. അസി. എഞ്ചിനീയര്‍ വി.ജി ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ചടങ്ങില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശം വായിച്ചു. ചടങ്ങില്‍ സ്‌കില്‍ ഷെയര്‍ 23 പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നടന്നു.3.27 കോടി രൂപ ചെലവിലാണ് മൂന്ന്‌നില കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. 15 സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍, 3 ബോയ്‌സ് ടോയ്ലറ്റ് , 3 ഗേള്‍സ് ടോയ്‌ലെറ്റ് ബ്ലോക്ക്, ഒരു ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, ലിഫ്റ്റ് എന്നിവയാണ് പുതിയ സ്‌കൂള്‍ കെട്ടിടത്തില്‍ സജ്ജമായത്. 2 കോടി രൂപ പൊതു വിദ്യാഭ്യാസ വകുപ്പും, ഒരു കോടി രൂപ കിഫ്ബിയുമാണ് കെട്ടിട നിര്‍മ്മാണത്തിന് നുവദിച്ചത്. നഗരസഭയുടെ 25 ലക്ഷം രൂപ ചെലവിലാണ് ലിഫ്റ്റ് നിര്‍മ്മാണം, ഫയര്‍ സേഫ്റ്റി, മുറ്റം ഇന്റര്‍ലോക്ക് എന്നീ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. 

നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ്, നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായെ ടോം ജോസ്, കെ റഷീദ്, പി.എസ് ലിഷ, ഷാമില ജുനൈസ്, സാലി പൗലോസ്, സി.കെ സഹദേവന്‍ കൗണ്‍സിലര്‍മാരായ രാധാ രവീന്ദ്രന്‍ ,ജംഷീര്‍ അലി, രാധ രവീന്ദ്രന്‍, കെ.സി യോഹന്നാന്‍, സി.കെ ആരിഫ്, എം.സി ബാബു, ഷമീര്‍ മഠത്തില്‍, കേരള ബാങ്ക് ഡയറക്ടര്‍ പി.ഗഗാറിന്‍, ഡി.ഡി.ഇ വി.എ ശശീന്ദ്ര വ്യാസ്, ഡയറ്റ് പ്രിന്‍സിപ്പാല്‍ അബ്ബാസ് അലി, വിദ്യാ കിരണം ജില്ലാ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്,ഹയര്‍ സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ ഷിവി കൃഷ്ണന്‍, പ്രിന്‍സിപ്പല്‍ പി.എ അബ്ദുല്‍ നാസര്‍, വൈസ് പ്രിന്‍സിപ്പല്‍ ജിജി ജേക്കബ്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ദിലിന്‍ സത്യനാഥ്, എസ്എംസി ചെയര്‍മാന്‍ പി.കെ സത്താര്‍, പി.ടി.എ പ്രസിഡന്റ് അസീസ് മാടാല,പി.ടി.എ വൈസ് പ്രസിഡന്റ് സമദ് കണ്ണിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close