Ernakulam

കേരളം സാക്ഷ്യം വഹിക്കുന്നത് സമാനതകളില്ലാത്ത ജനക്ഷേമ വികസന പ്രവർത്തനങ്ങൾക്ക് – മന്ത്രി ആന്റണി രാജു

സമാനതകളില്ലാത്ത ജനക്ഷേമ വികസന പ്രവർത്തനങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി മന്ത്രി ആന്റണി രാജു പറഞ്ഞു. പെരുമ്പാവൂർ മണ്ഡലതല നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഴര വർഷം കൊണ്ട് കേരളത്തിൽ സമഗ്ര മേഖലയിലും വലിയ വികസന പ്രവർത്തനങ്ങൾ സാധ്യമായി. ഒന്നാം പിണറായി  സർക്കാർ നടപ്പിലാക്കിയ ജനകീയ പ്രവർത്തനങ്ങൾക്ക് അംഗീകാരമായാണ് ജനങ്ങൾ വീണ്ടും ഭരണ തുടർച്ച നൽകിയത്. പ്രതികൂല സാഹചര്യത്തിൽ വലിയ വികസന നേട്ടങ്ങൾ കൈവരിക്കാൻ സർക്കാരിനായി. 2506 കോടി രൂപ ചെലവഴിച്ചുകൊണ്ടുള്ള തീരദേശപാത വികസനം പുരോഗമിക്കുകയാണ്. 3600 കോടി രൂപ ചെലവിൽ മലയോരപാത വികസനവും നടന്നു വരുന്നു. കോവളം മുതൽ – ബേക്കൽ വരെയുള്ള ദേശീയ ജലപാത നിർമ്മാണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.  പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, തൊഴിൽ, പൊതുഗതാഗതം തുടങ്ങിയ എല്ലാ മേഖലകളിലും വലിയ വികസനമാണ് സാധ്യമായിരിക്കുന്നത്. ആധുനിക നിലവാരത്തിനുള്ള സ്കൂളുകളും ഹൈടെക് ലാബുകളുമായി പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പുരോഗതി കൈവരിക്കാൻ സർക്കാരിന് സാധിച്ചു. ആരോഗ്യരംഗത്ത് ലോകത്തിൽ തന്നെ മാതൃക സൃഷ്ടിക്കാൻ സാധിച്ചു.

തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനമാണ് കേരളം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന്,  7631 കോടി രൂപയാണ് പാവപ്പെട്ട രോഗികളുടെ ചികിത്സയ്ക്കായി നൽകിയത്. നേരിട്ട് ചികിത്സാ സഹായം തേടുന്നത് ഒഴിവാക്കി ഗുണഭോക്താക്കൾക്ക് അക്ഷയയിലൂടെ അപേക്ഷ നൽകുന്നതുവഴി ചികിത്സാധന സഹായം  വൈകാതെ വീടുകളിലേക്ക് എത്തുന്ന സംവിധാനം ഒരുക്കി. ക്ഷേമപെൻഷൻ 600 രൂപയിൽ നിന്നും 1600 രൂപയായി ഉയർത്തി. ഓഖി, നിപ്പ, രണ്ടു പ്രളയങ്ങൾ, കോവിഡ് തുടങ്ങിയ പ്രതിസന്ധികളിലും ജന ജീവിതത്തെ ദുരിതത്തിലേക്ക് തള്ളി വിടാതെ സംരക്ഷണം നൽകാനും, പുനരുജീവനം സാധ്യമാക്കാനും കഴിഞ്ഞു. 

ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ, കൊച്ചി എടമൺ പവർ ഹൈവേ തുടങ്ങി മുടങ്ങിക്കിടന്ന പദ്ധതികൾ പൂർത്തീകരിക്കാൻ സർക്കാരിനായതായി മന്ത്രി പറഞ്ഞു.

 കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ല എന്ന അപവാദം പ്രചരിപ്പിക്കുമ്പോൾ ശമ്പളം മുടക്കമില്ലാതെ സർക്കാർ കൊടുത്തു വരികയാണ് എന്നതാണ് യാഥാർത്ഥ്യം. പൊതുഗതാഗതം സംവിധാനത്തിന്റെ സംരക്ഷണത്തിനും വികസനത്തിനുമായി 9696 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. എംപാനൽ ജീവനക്കാർക്ക് പുനർനിയമനം നൽകി. കെ. എസ്.ആർ. ടി. സി സ്വിഫ്റ്റ്, ഇലക്ട്രിക് ബസ്, സാധാരണക്കാർക്കായി ബജറ്റ് ഫ്രണ്ട്ലി ടൂറിസം പാക്കേജ്, കൊറിയർ സർവീസ്, ലോജിസ്റ്റിക്, ഗ്രാമങ്ങളിൽ ഗ്രാമവണ്ടി, തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി. കെഎസ്ആർടിസി ഇന്ധന പമ്പുകൾ സാധാരണക്കാർക്ക് ഉപയോഗിക്കാവുന്ന രീതിയിൽ യാത്ര ഫ്യൂവൽസ് ഒരുക്കി.

ഇ ഗവണൻസ് സംവിധാനത്തിലൂടെ ഗതാഗത വകുപ്പിലെ പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ സാധിച്ചു. ആധുനിക  രീതിയിലുള്ള സ്മാർട്ട് ഡ്രൈവിങ്ങ് ലൈസൻസ് ലഭ്യമാക്കി.  എഐ ക്യാമറകൾ സ്ഥാപിച്ച ഘട്ടത്തിൽ വലിയ രീതിയിലുള്ള വിമർശനമാണ് സർക്കാർ നേരിട്ടത്. എന്നാൽ ജൂൺ മുതൽ ഒക്ടോബർ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ക്യാമറ സ്ഥാപിച്ചത് വഴി മുന്നൂറിൽ കൂടുതൽ ജീവനുകൾ രക്ഷിക്കാൻ സാധിച്ചു. ഇന്ത്യക്ക് തന്നെ മാതൃകയായ ഈ സംവിധാനത്തെ കുറിച്ച് പഠിക്കാൻ മറ്റ് സംസ്ഥാനങ്ങൾ ഇന്ന് കേരളത്തിൽ എത്തുകയാണെന്നും മന്ത്രി പറഞ്ഞു.

 സംസ്ഥാനത്തിനുള്ള വിഹിതം വെട്ടിക്കുറച്ചും, വായ്പ എടുക്കാനുള്ള പരിധി വെട്ടിക്കുറച്ചും കേന്ദ്രം നടപ്പിലാക്കുന്ന വികസനത്തിനെതിരായ നടപടികൾ ജനസമഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ജനങ്ങളിലേക്ക് എത്തുന്നത്. കേന്ദ്രത്തിന്റെ ഈ നിലപാടിന് കുടപിടിക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ച് വരുന്നത്. ചരിത്രത്തിലെ ഏറ്റവും പുതുമയേറിയ ജനകീയ സംവിധാനമായി ജന മനസ്സിനെ കീഴ്പ്പെടുത്തുകയാണ് നവകേരള സദസ്സ്. നാന തുറയിലുള്ളവരെയും ചേർത്ത് നിർത്തി വികസനത്തിന്റെ നൂതന ആശയം രൂപീകരിക്കാം എന്ന് ഓരോ വേദിയിലും എത്തുന്ന ജനക്കൂട്ടം തെളിയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close