Malappuram

തീരമേഖലയിലെ പട്ടയം ലഭ്യമാക്കുന്നതിന് ശിപാര്‍ശ നല്‍കും: വനിതാ കമ്മീഷൻ

*സ്ത്രീ സംരക്ഷണ നിയമങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഇന്ന് (ഡിസംബര്‍ 13) ഉദ്ഘാടനം ചെയ്യും

തീരദേശ മേഖലയില്‍ അര്‍ഹരായവര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മീഷൻ അംഗം വി.ആര്‍. മഹിളാമണി. തീരദേശത്തെ വനിതകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിന്റെ ഭാഗമായി  

പൊന്നാനി തൃക്കാവ് മാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഏകോപന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. തീരദേശ ക്യാമ്പ്, പബ്ലിക് ഹിയറിംഗ്, പട്ടികവര്‍ഗ മേഖലാ ക്യാമ്പ് തുടങ്ങിയ ജനസമ്പര്‍ക്ക പരിപാടികളിലൂടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ക്കൊണ്ടുവന്നു പരിഹാരം കാണുന്നതിന് ജനങ്ങള്‍ക്കിടയിലേക്ക് വനിതാ കമ്മീഷൻ നേരിട്ടു വരുകയാണ്. വിഷമതകള്‍ അനുഭവിക്കുന്ന സ്ത്രീകളെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുഖ്യധാരയില്‍ എത്തിക്കുകയാണ് ലക്ഷ്യം. സ്ത്രീപക്ഷ സമീപനം പുലര്‍ത്തുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ പൂര്‍ണമായി ജനങ്ങള്‍ക്ക് ലഭിക്കുന്നെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും വനിതാ കമ്മീഷൻ അംഗം പറഞ്ഞു. 

ഏകോപന യോഗം വനിതാ കമ്മീഷൻ അംഗം വി.ആര്‍. മഹിളാമണി ഉദ്ഘാടനം ചെയ്തു. പൊന്നാനി നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ചു. തീരദേശ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ എന്ന വിഷയത്തിലുള്ള ചര്‍ച്ച വനിതാ കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന നയിച്ചു. റവന്യു, പോലീസ്, എക്‌സൈസ്, കുടുംബശ്രീ, വനിതാ ശിശു വികസനം, ആശവര്‍ക്കര്‍മാര്‍ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

 ഇന്ന് (ഡിസംബര്‍ 13) രാവിലെ പത്തിന് തൃക്കാവ് മാസ് ഓഡിറ്റോറിയത്തില്‍ സ്ത്രീ സംരക്ഷണ നിയമങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം മുഖ്യാതിഥിയാകും. പൊന്നാനി നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ രജീഷ് ഊപ്പാല അധ്യക്ഷത വഹിക്കും. സ്ത്രീ സംരക്ഷണ നിയമങ്ങളും സുരക്ഷാ സംവിധാനങ്ങളും എന്ന വിഷയത്തിലുള്ള ക്ലാസ് മലപ്പുറം വനിതാ സംരക്ഷണ ഓഫീസര്‍ ടി.എം. ശ്രുതി നയിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close