THRISSUR

സമഗ്ര വികസനമാണ് കേരളത്തിൽ നടപ്പിലാക്കുന്നത് – മന്ത്രി ജെ.  ചിഞ്ചുറാണി

എല്ലാ മേഖലകളിലും സമഗ്രമായ വികസനമാണ് കേരളത്തിൽ നടപ്പിലാക്കുന്നതെന്ന് മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.  ചിഞ്ചുറാണി. മണലൂർ നിയോജകമണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

ആരോഗ്യ – വിദ്യാഭ്യാസ മേഖലകൾ തുടങ്ങി എല്ലാ മേഖലകളിലെ പുരോഗതികളും വികസന സൗകര്യങ്ങളും രാജ്യത്തിന് തന്നെ മാതൃകയാണ്. സൗജന്യ യൂണിഫോം, സൗജന്യ പാഠപുസ്തകം, ഉച്ചഭക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മുതൽ ഉയർന്ന പഠന നിലവാരത്തോടെയുള്ള ഡിജിറ്റൽ സംവിധാനങ്ങളാണ് കേരളത്തിലെ സ്കൂളുകളിലുളളത്. പുതിയതായി സർക്കാർ സ്കൂളിൽ പ്രവേശിച്ച കുട്ടികളുടെ കണക്കുകൾ പരിശോധിച്ചാൽ അറിയാം കേരളത്തിന്റെ അഭിമാന നേട്ടങ്ങളെന്നും മന്ത്രി പറഞ്ഞു. 

അതിദരിദ്രരായ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി സർക്കാർ വിവിധ പദ്ധതികളാണ് വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്. ഇതിനായി സൂക്ഷ്മ സംരംഭ സാധ്യതകൾ തുറന്ന് വെച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഉയർത്തി കൊണ്ടുവന്നാണ് ദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാൻ പോകുന്നത്. കേരളത്തിലെ സംരംഭക സാധ്യതകളും ചെറുതല്ല. ഒരു വർഷം കൊണ്ട് 1.40 ലക്ഷത്തിലേറെ തൊഴിൽ സംരംഭങ്ങൾ  തുടങ്ങാനായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും അനവധി അവസരങ്ങളാണ് കേരളത്തിലുള്ളത്. ഉയർന്ന സാധ്യതകളിലൂടെ മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നമുക്ക് സൃഷ്ടിക്കാൻ കഴിയുന്നത്. ഇതിലൂടെ വ്യവസായ ഹബ്ബ് കേരളത്തിൽ രൂപപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലേക്കാണ് നവകേരളം പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ഒഴിഞ്ഞ് കിടക്കുന്ന എല്ലാ തസ്തികളിലും പി എസ് സി നിയമനം സാധ്യമാക്കി ഏറ്റവും കൂടുതൽ പി എസ് സി നിയമനം നടത്തിയ സംസ്ഥാനവും കേരളം തന്നെ. കൂടാതെ എല്ലാ ജില്ലകളിലും ഇൻഫർമേഷൻ ടെക്നോളജി സൗകര്യം കൊണ്ടു വരാൻ കഴിഞ്ഞതും കാർഷിക മേഖലയിൽ സമഗ്രമായ പുരോഗതി കൈവരിക്കാൻ സാധിച്ചതും ശ്രദ്ധേയമാണ്. കർഷക കടാശ്വാസ കമ്മീഷൻ നടപ്പിലാക്കിയ രാജ്യത്തെ ഏക സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാൻ സാധിച്ചതും കേരളത്തിന്റെ മികവാർന്ന ഭരണ നേട്ടങ്ങളാണ്. 

രാജ്യത്ത് വിലക്കയറ്റം അതിശക്തമായി തുടരുമ്പോൾ സംസ്ഥാനത്തെ ബാധിക്കാതെ സിവിൽ സപ്ലൈസും സഹകരണ വകുപ്പും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. ഭക്ഷ്യമേഖല, പൊതുമരാമത്ത്, ക്ഷീര മേഖല തുടങ്ങി എല്ലാ മേഖലകളിലും കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങളാണ് സർക്കാർ ഒരുക്കി കൊണ്ടിരിക്കുന്നത്. 
സ്ത്രീ ശാക്തീകരണ രംഗത്ത് ശക്തമായ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close