Alappuzha

നവ കേരള സദസ്: ഒരുക്കങ്ങളും പുരോഗതിയും വിലയിരുത്തി മന്ത്രിമാര്‍

ആലപ്പുഴ: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന നവകേരള സദസുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും ഒരുക്കങ്ങളും വിലയിരുത്തി. മന്ത്രിമാരായ പി. പ്രസാദിന്റേയും സജി ചെറിയാന്റെയും സാന്നിധ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ചേര്‍ന്ന യോഗത്തിലാണ് ഒരുക്കങ്ങള്‍ വിലയിരുത്തിയത്.  
ഓരോ മണ്ഡലങ്ങളിലേയും നവ കേരള സദസിന്റെ വേദികള്‍ രണ്ടു ദിവസത്തിനകം അന്തിമമാക്കണമെന്ന് മന്ത്രിമാര്‍ നിര്‍ദേശിച്ചു. നിലവില്‍ അരൂര്‍ മണ്ഡലത്തില്‍ ആര്യങ്കാവ് ക്ഷേത്രം മൈതാനം, ചേര്‍ത്തല മണ്ഡലത്തില്‍ ചേര്‍ത്തല ഗവ. ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ട്, ആലപ്പുഴയില്‍ എസ്.ഡി.വി. സ്റ്റേഡിയം, അമ്പലപ്പുഴയില്‍ പുന്നപ്ര കപ്പക്കട ഗ്രൗണ്ട്, ഹരിപ്പാട് മണ്ഡലത്തില്‍ ഹരിപ്പാട് ഗവ. ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ട്, കായംകുളത്ത് പട്ടാണിപ്പറമ്പ്, മാവേലിക്കരയില്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട്, കുട്ടനാട്ടില്‍ നെടുമുടി പാലത്തിന് സമീപമുള്ള ഗ്രൗണ്ട്, ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ബിസിനസ് ഇന്ത്യ ഗ്രൗണ്ട് എന്നിവിടങ്ങളാണ് നവകേരള സദസിന്റെ വേദികളായി തിരഞ്ഞെടുത്തിട്ടുള്ളത്. ഈ സ്ഥലങ്ങളൊക്കെയും ജില്ലാ കളക്ടറും മറ്റു ജനപ്രതിനിധികളും ചേര്‍ന്ന് സന്ദര്‍ശിക്കണമെന്ന് മന്ത്രി പി. പ്രസാദ് നിര്‍ദേശിച്ചു.
 
ഗ്രാമപഞ്ചായത്ത്, ബൂത്തുതല കമ്മിറ്റികള്‍ അടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്ന് മന്ത്രി സജി ചെറിയാന്‍ നിര്‍ദ്ദേശിച്ചു. നവംബര്‍ ഒന്നിനും 15നും ഇടയ്ക്കായി വീട്ടുമുറ്റ യോഗങ്ങള്‍ ചേരണം. 
ഓരോ യോഗങ്ങളിലും പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കണം. ഓരോ മണ്ഡലങ്ങളിലെയും സബ് കമ്മിറ്റികള്‍ അന്തിമമാക്കി അവയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം. അതത്  മണ്ഡലങ്ങളിലെ ചെയര്‍മാനും ജനറല്‍ കണ്‍വീനറും ഇവയുടെ മേല്‍നോട്ടം വഹിക്കണം. 

പ്രാദേശികമായി വിളിച്ചുചേര്‍ക്കുന്ന സ്വാഗതസംഘ രൂപീകരണ യോഗങ്ങളില്‍ മണ്ഡലങ്ങളിലെ ചെയര്‍മാനായ എംഎല്‍എമാരും ജനറല്‍ കണ്‍വീനറായ ഉദ്യോഗസ്ഥരും പങ്കെടുക്കണം. നവ കേരള സദസ് നടത്തുന്നതിനായുള്ള പന്തല്‍, സറ്റേജ്, മറ്റ് അനുബന്ധ ക്രമീകരണങ്ങള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. സംസ്ഥാനതലത്തില്‍ നിന്നും തയ്യാറാക്കി നല്‍കുന്ന ലഘുലേഖയും മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണക്കത്തും എല്ലാ വീടുകളിലും എത്തുന്നുണ്ടെന്ന് കമ്മിറ്റികള്‍ പ്രത്യേകം ഉറപ്പാക്കണം. നവ കേരള സദസുമായി ബന്ധപ്പെട്ട് വിവിധ കലാപരിപാടികള്‍, സെമിനാറുകള്‍, ഡോക്കുമെന്ററികള്‍ തുടങ്ങിയവ സജ്ജീകരിക്കണം.

ആലപ്പുഴയിലും കായംകുളത്തും നടക്കുന്ന പ്രഭാത യോഗങ്ങളിലേക്കുള്ള ക്ഷണിതാക്കളുടെ പട്ടിക തയ്യാറാക്കണം. കുട്ടികള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. എല്ലാ വകുപ്പുകളുടെയും പങ്കാളിത്തം ഉറപ്പാക്കിയുള്ള പ്രവര്‍ത്തനം വേണം നടത്താന്‍. ഓരോ മണ്ഡലങ്ങളിലും ഇതുവരെ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിലയിരുത്തി. മണ്ഡലതല സ്വാഗതസംഘ രൂപീകരണ യോഗങ്ങളില്‍ മികച്ച ജനപങ്കാളിത്തമാണ് ഉണ്ടായതെന്ന്  മന്ത്രിമാര്‍ വിലയിരുത്തി. ഇതിനായി പ്രവര്‍ത്തിച്ച മുഴുവന്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രിമാര്‍ പറഞ്ഞു.

യോഗത്തില്‍ എ.എം. ആരിഫ് എം.പി, എം.എല്‍.എ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, തോമസ് കെ. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ. ജയമ്മ, സബ് കളക്ടര്‍ സൂരജ് ഷാജി, വിവിധ നിയോജക മണ്ഡലങ്ങളിലെ കണ്‍വീനര്‍മാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close