THRISSUR

നെട്ടിശ്ശേരി – കുറ്റുമുക്ക് റോഡ് നിര്‍മാണോദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു

തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ നെട്ടിശ്ശേരി – കുറ്റുമുക്ക് റോഡിന്റെ നിര്‍മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. കോര്‍പ്പറേഷന്റെ വികസന പ്രവര്‍ത്തനങ്ങളിലെ 147-ാമത്തെ പദ്ധതിയാണ് നെട്ടിശ്ശേരി – കുറ്റുമുക്ക് റോഡിന്റെ ബി എം-ബി സി നിലവാരത്തിലുള്ള പുനരുദ്ധാരണം. രണ്ടുകോടി രൂപ ചെലവില്‍ അഞ്ചു വര്‍ഷത്തെ ഗ്യാരണ്ടിയോടുകൂടിയുള്ള റോഡ് നിര്‍മ്മാണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. 

മാനുഷിക മുഖമുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ റോഡുകളും പൊതുമരാമത്ത് റോഡുകളും ബി എം-ബി സി ആകുന്ന ആദ്യ നഗരമായി തൃശൂര്‍ മാറാനാണ് ലക്ഷ്യമിടുന്നത്. ജനതയുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടു വികസനോന്മുഖമായി മുന്‍പോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

2000ത്തില്‍ കോര്‍പ്പറേഷനിലേക്ക് വില്‍വട്ടം, ഒല്ലൂക്കര പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും നെട്ടിശ്ശേരി പാടത്തുകൂടി പുതിയ റോഡ് രൂപപ്പെടുകയും ചെയ്തതിനുശേഷം വലിയ യാത്രാപ്രാധാന്യമാണ് നെട്ടിശ്ശേരി കുറ്റുമുക്ക് റോഡിനുള്ളത്. വില്ലടം, രാമവര്‍മ്മപുരം ഉള്‍പ്പെടെയുള്ള മേഖലകളിലൂടെ വടക്കാഞ്ചേരി – മണ്ണുത്തി മേഖലകളെ ബന്ധിപ്പിക്കുന്ന റോഡാണ് നെട്ടിശ്ശേരി കുറ്റിമുക്ക്. 

കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പി ബാലചന്ദ്രന്‍ എംഎല്‍എ വിശിഷ്ട അതിഥിയായി. കോര്‍പ്പറേഷന്‍ മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കരോളിന്‍ പെരിഞ്ചേരി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വര്‍ഗീസ് കണ്ടംകുളത്തി, ഡിവിഷന്‍ കൗണ്‍സിലര്‍മാരയ സുഭി സുകുമാര്‍, രേഷ്മ ഹെമേജ്, മുന്‍ കൗണ്‍സിലര്‍മാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ടി എം ധനീഷ്, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശീയപാത പൂര്‍ണമായി വിപുലീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമായി കേരളം മാറും: മന്ത്രി കെ രാജന്‍

2025 പൂര്‍ത്തികരണത്തോടെ ദേശീയപാത പൂര്‍ണമായി വിപുലീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. നെട്ടിശ്ശേരി – കുറ്റുമുക്ക് റോഡ് നിര്‍മാണോദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാത വികസനത്തിലൂടെ സാധ്യമാകുന്ന വിപുലമായ വികസനത്തെയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. എന്നാല്‍ മറ്റേതൊരു സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ തുക കേരളത്തില്‍ ഭൂമി ഏറ്റെടുപ്പിനായി നല്‍കണം. ഏറ്റെടുക്കുന്ന ഭൂമിക്ക് 25 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കുമെന്ന് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി കഴിഞ്ഞ ദിവസം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ കേരളം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ സന്നദ്ധത പ്രകടിപ്പിച്ച ഒരേയൊരു സംസ്ഥാനം കേരളം മാത്രമാണ്. 6000 കോടിയോളം രൂപയാണ് ഇത്തരത്തില്‍ ഭൂമി ഏറ്റെടുപ്പിന് നല്‍കേണ്ടി വരികയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close