THRISSUR

വൺ മില്യൺ ഗോൾ ക്യാംപെയ്ൻ: വലകുലുക്കി മന്ത്രിയുടെ ഫ്രീകിക്ക് 

അളന്ന് മുറിച്ചൊരു ഫ്രീകിക്കിലൂടെ  ഗോൾവല കുലുക്കി ഖത്തർ ഫുട്ബോൾ ആവേശത്തിനൊപ്പം ചേർന്ന് പട്ടികജാതി, പട്ടികവർഗ പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണനും. കായിക – യുവജനകാര്യ വകുപ്പ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ എന്നിവ സംയുക്തമായി നടത്തുന്ന വൺ മില്യൺ ഗോൾ ക്യാംപെയ്ന്റെ ഭാഗമായി നടന്ന ചടങ്ങാണ് ഗോളടിച്ച് മന്ത്രി ഉദ്ഘാടനം ചെയ്തത്. 

ലഹരിയെന്ന സാമൂഹ്യ വിപത്തിനെ തടയാൻ ലോകകപ്പ് മത്സരാവേശത്തിന് സാധിക്കട്ടെയെന്ന് മന്ത്രി പറഞ്ഞു. സമ്മർദ്ദങ്ങളും പ്രയാസങ്ങളും ഒരു ഗോൾ അടിക്കുന്നതിലൂടെ നിയന്ത്രിക്കാനും തരണം ചെയ്യാനും സാധിക്കണം. കായിക ലഹരിക്ക് ലഹരി വിപത്തിനെ തടയാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

തേക്കിൻകാട് മൈതാനിയിൽ തീർത്ത ഗോൾ പോസ്റ്റിലേയ്ക്ക്  മണിക്കൂറുകൾക്കുള്ളിൽ ആയിരത്തിലധികം ഗോളുകൾ തീർത്താണ്  ഫുട്ബോൾ പ്രേമികൾ ഉൾപ്പെടെ വൺ മില്യൺ ക്യാംപെയ്ന്റെ ഭാഗമായത്. മുൻ ഇന്ത്യൻ ഫുട്ബോൾ താരം സിവി പാപ്പച്ചനും ചടങ്ങിന്റെ ഭാഗമായി. 

സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു.  ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെആർ സാംബശിവൻ,  വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി , സെക്രട്ടറി തേജേഷ് കുമാർ ദത്ത, എക്സിക്യൂട്ടീവ് അംഗങ്ങളായ ഇഗ്നി മാത്യൂ ,ജോയ് വർഗീസ് കെ, എംഎം ബാബു, മഹേഷ് കെ എൽ, ബേബി പൗലോസ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button
Close