Ernakulam

സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതനം : തെളിവെടുപ്പ് നടത്തി

 സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഉപദേശക സമിതി  തെളിവെടുപ്പ് നടത്തി. എറണാകുളം, തൃശ്ശൂർ ജില്ലയിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ട്രേഡ് യൂണിയൻ ഭാരവാഹികൾ, തൊഴിലുടമ പ്രതിനിധികൾ, തൊഴിലാളികൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന തെളിവെടുപ്പിന് അഡീഷണൽ ലേബർ കമ്മീഷണർ കെ. ശ്രീലാൽ നേതൃത്വം നൽകി.

 തെളിവെടുപ്പ് യോഗത്തിൽ ഉയരുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സർക്കാരിന് മുന്നിൽ എത്തിക്കും. മിനിമം വേതനം ഉറപ്പാക്കുന്നതിനും മറ്റു പ്രതിസന്ധികൾ പരിഹരിക്കുന്നതിനും തൊഴിൽ വകുപ്പിന്റെ ഭാഗത്തുനിന്ന് എല്ലാ സഹകരണങ്ങളും ഉണ്ടാകും എന്നും അഡിഷണൽ ലേബർ കമ്മീഷണർ പറഞ്ഞു.

തെളിവെടുപ്പ് യോഗത്തിൽ ജീവനക്കാരുടെ മാസ വേതനം, മറ്റ് ആനൂകൂല്യങ്ങള്‍, ജോലി സമയം, ആരോഗ്യ സുരക്ഷ, അവധി എന്നിവ സംബന്ധിച്ച അഭിപ്രായങ്ങള്‍  ഉയർന്നു.  സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതന  പരിഷ്കരണം സംബന്ധിച്ച് അന്വേഷണങ്ങൾ നടത്തി സർക്കാരിന് ഉപദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ലേബർ കമ്മീഷണർ ചെയർമാനായും  അഡീഷണൽ ലേബർ കമ്മീഷണർ കൺവീനറായും വിവിധ തൊഴിലാളി- തൊഴിലുടമ പ്രതിനിധികൾ അംഗങ്ങളുമായ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടന്ന് വരുന്നത്.

 യോഗത്തിൽ  തെളിവെടുപ്പ് കമ്മിറ്റി അംഗങ്ങൾ, ജില്ലാ ലേബർ ഓഫീസർ പി. ജി വിനോദ് കുമാർ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ കെ. സിന്ധു, ട്രേഡ് യൂണിയൻ ഭാരവാഹികൾ, തൊഴിലുടമ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close