PATHANAMTHITTA

നൂറുദിനകര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി എബിസിഡി പദ്ധതി പൂര്‍ണ വിജയമാക്കാന്‍ നടപടി: ജില്ലാ കളക്ടര്‍        

 സര്‍ക്കാരിന്റെ 100 ദിനകര്‍മ്മ പരിപാടിയുടെ ഭാഗമാക്കി എബിസിഡി പദ്ധതിയെ ഉള്‍പ്പെടുത്തി രണ്ടു മാസത്തിനുള്ളില്‍ ജില്ലയിലെ എല്ലാ ആദിവാസി സങ്കേതങ്ങളിലെയും കുടുംബങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ കുരുമ്പന്‍മൂഴി ആദിവാസി  സങ്കേതത്തിലെ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് അധികാരിക സര്‍ട്ടിഫിക്കറ്റകള്‍ നല്‍കുന്നതിന്റെ ഭാഗമായുള്ള അക്ഷയ ബിഗ് കാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈ സേഷന്‍ പദ്ധതി(എബിസിഡി)യുടെ ഉദ്ഘാടനം കുരുമ്പന്‍ മൂഴി കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു കളക്ടര്‍. പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരമാണ് എബിസിഡി പദ്ധതി നടപ്പാക്കുന്നത്.
ഒരു പൗരന്‍ എന്ന നിലയിലുള്ള അവകാശങ്ങള്‍ക്കും, ആനുകൂല്യങ്ങള്‍ക്കും അര്‍ഹരാണെന്നത് ഉറപ്പു വരുത്തുന്നതിന് തിരിച്ചറിയല്‍ രേഖകള്‍ അനിവാര്യമാണ്. ഇത് വ്യക്തിത്വ വികസനത്തിനും, കുടുംബ വികസനത്തിനും, സാമൂഹ്യ വികസനത്തിനും വഴി തെളിക്കും. കൂടാതെ ഈ രേഖകള്‍ ലഭിക്കുന്നതിലൂടെ അര്‍ഹത പെട്ട ആനുകൂല്യങ്ങള്‍ മറ്റുള്ളവര്‍ നേടിയെടുക്കാതിരിക്കാനും സാഹചര്യം ഉണ്ടാകും. കൈവശമായ രേഖകള്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ നഷ്ടപ്പെടാന്‍ ഇടയായാല്‍ അത് ആ സാഹചര്യത്തില്‍ വീണ്ടെടുക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓരോരുത്തരുടെയും സ്വകാര്യത പാലിച്ചു കൊണ്ടു തന്നെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സൂക്ഷിച്ചുവയ്ക്കുന്ന ഡിജി ലോക്കര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. ഈ പദ്ധതി യുടെ മുന്‍പ് തന്നെ വിവിധ വകുപ്പുകളുടെ കൂട്ടായ പ്രയത്നത്തിലൂടെ ജില്ലയിലെ എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും രേഖകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ ജില്ലയില്‍ സ്വീക രിച്ചിരുന്നു. ഇതിന്റെ ഭാഗമായി കുറച്ചു പേര്‍ക്ക് മാത്രമാണ് ഇനി അടിസ്ഥാന രേഖകള്‍ നല്‍കാനുള്ളത്. എന്നാല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് പോലെയുള്ള  രേഖകള്‍ ഇനി നല്‍കാനുണ്ട്. ഈ രേഖകളും ലഭ്യമാക്കി അതിന്റെ ആനുകൂല്യങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയവ സംബന്ധിച്ച ബോധവല്‍ക്കരണവും ക്യാമ്പിലൂടെ നല്‍കി വരുകയാണ്. എ ബി സി ഡി പദ്ധതിയിലൂടെ 100 ശതമാനം കുടുംബങ്ങള്‍ക്കും രേഖകള്‍ നല്‍കി വയനാട് ജില്ല 100 ശതമാനം പ്രഖ്യാപിച്ചു കഴിഞ്ഞു. ആദിവാസി വിഭാഗങ്ങള്‍ക്ക് എ ബി സി ഡി പദ്ധതിയിലൂടെ ആധികാരിക രേഖകള്‍ നല്‍കി 100 ശതമാനം പൂര്‍ത്തിയാക്കി പ്രഖ്യാപനം നടത്തുന്ന രണ്ടാമത്തെ ജില്ലയായി പത്തനംതിട്ട ജില്ലയെ മാറ്റാനുള്ള തീവ്ര ശ്രമത്തിലാണെന്നും കളക്ടര്‍ പറഞ്ഞു.
കുരുമ്പന്‍ മൂഴി ആദിവാസി മേഖലയിലെ ശാലിനി സന്തോഷിന്റെ പേരിലുള്ള റേഷന്‍ കാര്‍ഡ്, ആധാര്‍ അപ്ഡേഷന്‍ എന്നിവയുടെ പകര്‍പ്പ്  മകള്‍ സുജിതയ്ക്കു കളക്ടര്‍ നല്‍കി. പനമൂട്ടില്‍ ദീപയുടെ മകന്‍ നാല് വയസുള്ള വൈഷ്ണവിന് ആധാര്‍ നല്‍കുന്നതിനുള്ള ഫോട്ടോ ജില്ലാ കളക്ടര്‍ എടുത്തു.
ചടങ്ങില്‍ നാറാണം മൂഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാജന്‍ നീറംപ്ലാക്കല്‍, വാര്‍ഡ് മെമ്പര്‍ മിനി ഡോമിനിക്ക്, ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ എസ്. എസ്. സുധീര്‍, റാന്നി തഹസീല്‍ദാര്‍ കെ. മഞ്ജുഷ,  ഐടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ കെ. ധനേഷ്, സംസ്ഥാന ഉപദേശക സമിതി അംഗം രാജപ്പന്‍, ഊരു മൂപ്പന്‍ പൊടിയന്‍ കുഞ്ഞുഞ്ഞ്, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ജില്ലാ പ്രൊജക്റ്റ് കോ- ഓര്‍ഡിനേറ്റര്‍ ഡെന്നിസ് ജോണ്‍, നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ. സുരേഷ്, റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ. നിസാര്‍, അക്ഷയ അസിസ്റ്റന്റ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷിനു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജന പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ ഭരണ കേന്ദ്രം, ഐടി മിഷന്‍, പട്ടികവര്‍ഗ വികസന വകുപ്പ്, നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുരുമ്പന്‍മൂഴി പട്ടികവര്‍ഗ സങ്കേതത്തിലെ കുടുംബങ്ങള്‍ക്ക് ആധാര്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ബാങ്ക് അക്കൗണ്ട്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ അവശ്യരേഖകള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രത്യേക കൗണ്ടറുകളും ഹെല്‍പ്പ്് ഡെസ്‌ക് സംവിധാനവും ക്രമീകരിച്ചിരുന്നു. അക്ഷയയുടെ ആറു കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു. അക്ഷയ സംരംഭകരായ എന്‍. കൃഷ്ണദാസ്, വി.എം. സാജന്‍, കെ. രാധാകൃഷ്ണന്‍ നായര്‍, ആശ ആനന്ദ്്,  പ്രമീള പി ഉണ്ണിക്കൃഷ്ണന്‍, സൗമ്യ സിസി ഏബ്രഹാം തുടങ്ങിയവരാണ് ഇതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയത്. ആരോഗ്യവകുപ്പിന്റെ പ്രഥമ ശുശ്രൂഷ സൗകര്യവും ഒരുക്കിയിരുന്നു. ആധികാരിക രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിനുള്ള ഡിജി ലോക്കര്‍ സംവിധാനവും ക്യാമ്പിന്റെ ഭാഗമായി സജ്ജമാക്കിയിരുന്നു.

Related Articles

Back to top button
Close