IDUKKI

മെഡിക്കല്‍ കോളേജിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും

ഇടുക്കി മെഡിക്കല്‍ കോളേജില്‍ നടന്നുവരുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു . മാര്‍ച്ച് 20 ന് മുന്‍പ് ഐ പി വാര്‍ഡ് , ഐ സി യു, ലാബ്  വിഭാഗങ്ങള്‍  കൂടുതല്‍ സൗകര്യങ്ങളോടെ ഒരേ ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിക്കും . ജില്ലാ പഞ്ചായത്തില്‍ നിന്ന് ആശുപത്രി വികസനത്തിന്  കൂടുതല്‍  ഫണ്ട് ലഭ്യമാക്കാനും കളക്ടര്‍ ഷീബ ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍  തീരുമാനമായി. ഇതിന് സര്‍ക്കാരില്‍ നിന്നും അനുമതി തേടും. പൊതുമേഖലാ സ്ഥാപനങ്ങള്‍  മുഖേനെ  ഹോസ്റ്റലില്‍ ഇന്‍സിനറേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുവാന്‍ കഴിഞ്ഞെങ്കിലും  ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ പ്രത്യേക അനുമതിയോടെ കൂടുതല്‍ തസ്തികകള്‍ അനുവദിക്കും . മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി സെന്റര്‍ ആരംഭിക്കുന്നതിന് പദ്ധതി തയ്യാറാക്കേണ്ടതുണ്ടെന്നും  യോഗം അഭിപ്രായപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് ഭാഗമായി പ്രത്യേക ഇന്‍ക്വസ്റ്റ് റൂം തയ്യാറാക്കും . വാര്‍ഡില്‍ എത്തി രോഗികളുടെ എക്‌സ്‌റേ എടുക്കാന്‍ കഴിയുന്ന ഉപകരണം ഉടന്‍ പ്രവര്‍ത്തന സജ്ജമാകും.  പുതിയ കാന്റീന് ടെന്‍ഡര്‍ വിളിക്കാനും  യോഗത്തില്‍ തീരുമാനമായി. ആശുപത്രിയിലെ സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് 232444 ,232466 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.

മെഡിക്കല്‍ കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു, സര്‍ക്കാര്‍ പ്രതിനിധികളായ സിവി വര്‍ഗീസ്, ഷിജോ തടത്തില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. ജി സത്യന്‍,  മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മീന. ഡി, ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വര്‍ഗീസ്, മറ്റ് ആശുപത്രി വികസനസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
Close