Ernakulam

നവ കേരള സ്ത്രീ സദസ്: മുഖ്യമന്ത്രിയുമായി മുഖാമുഖം 22 ന്

നെടുമ്പാശേരിയില്‍ നടക്കുന്ന സദസില്‍
2500 സ്ത്രീകള്‍ പങ്കെടുക്കും: മന്ത്രി വീണാ ജോര്‍ജ്

മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ നവകേരള സദസിന്റെ തുടര്‍നടപടിയുടെ ഭാഗമായി നടത്തുന്ന നവ കേരള സ്ത്രീ സദസില്‍ സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിന്നുള്ള 2500 സ്ത്രീകള്‍ പങ്കെടുക്കുമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഫെബ്രുവരി 22ന് നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സംസ്ഥാനത്തെ വിവിധ മേഖലകളിലുള്ള സ്ത്രീകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന മുഖാമുഖം പരിപാടിയായ നവ കേരള സ്ത്രീ സദസിന്റെ സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

രാവിലെ 9.30 ന് സദസ് ആരംഭിക്കും. വിവിധ മേഖലകളില്‍ നിന്നുള്ള 10 വനിതകള്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടും. ആമുഖമായി മുഖ്യമന്ത്രി സംസാരിച്ച ശേഷം വേദിയിലുള്ള 10 വനിതകളും സംസാരിക്കും. തുടര്‍ന്ന് സദസിലുള്ള 50 പേര്‍ക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിക്കും. അഭിപ്രായങ്ങള്‍ എഴുതിയും നല്‍കാം. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടശേഷം മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും. ഉച്ചയ്ക്ക് ഒരു മണി വരെയാണ് പരിപാടി. 

വനിതകളുടെ മുന്നേറ്റത്തിന് ഗുണകരമാകുന്ന പരിപാടിയാകും ഇതെന്നും നവകേരള സൃഷ്ടിയിലൂടെ സ്ത്രീപക്ഷ കേരളം കെട്ടിപ്പടുക്കുകയാണ് സദസിലൂടെ ലക്ഷ്യമിടുന്നതെന്നും  മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.  

സ്ത്രീസൗഹൃദ കേരളം എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനായി പുതിയ നിര്‍ദ്ദേശങ്ങള്‍ സ്വരൂപിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായാണ്  നവകേരള സ്ത്രീ സദസ് സംഘടിപ്പിക്കുന്നത്. നവകേരള നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനും അതിനനുസൃതമായ പുതിയ കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നതിനുമാണ് നവ കേരള സദസ് സംഘടിപ്പിച്ചത്. നവകേരളം സ്ത്രീപക്ഷ കേരളമായിരിക്കണം എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഇതിന് അനുകൂലമായ നിരവധി നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നവ കേരള സദസില്‍ ലഭിച്ചു. സാമൂഹ്യ പദവിയില്‍ സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുവരുത്താന്‍ ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. കേരള പൊതു സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള സ്ത്രീകളുടെയും പങ്കാളിത്തം നവ കേരള സ്ത്രീസദസിന്  ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. 

നവകേരള സ്ത്രീ സദസ്; സംഘാടക സമിതിയായി

നവ കേരള സദസിന്റെ തുടര്‍ച്ചയായി വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തി അനുബന്ധ സദസുകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നവകേരള സ്ത്രീ സദസ് സംഘാടക സമിതി രൂപീകരിച്ചു.  വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിനെ മുഖ്യ രക്ഷാധികാരിയായും വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ ചെയര്‍പേഴ്സണായും തിരഞ്ഞെടുത്താണ് നവകേരള സ്ത്രീ സദസിന്റെ സംഘാടക സമിതി രൂപീകരിച്ചത്. സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, കൊച്ചി കോര്‍പറേഷന്‍ മേയര്‍ എം. അനില്‍കുമാര്‍ എന്നിവര്‍ രക്ഷാധികാരികളാണ്. 

ജനറല്‍ കണ്‍വീനറായി     തദ്ദേശസ്വയംഭരണ വകുപ്പ്
പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫിനെയും വര്‍ക്കിങ് ചെയര്‍പേഴ്‌സണായി ഡോ. ടി എന്‍ സീമ, 
സെക്രട്ടറിയായി ഡോ. പി എസ് ശ്രീകല എന്നിവരെയും തിരഞ്ഞെടുത്തു.

കൂടാതെ ഫിനാന്‍സ്, വോളന്റീയര്‍, പ്രോഗ്രാം, റിസപ്ഷന്‍, അക്കൊമോഡേഷന്‍, കള്‍ച്ചറല്‍ പ്രോഗ്രാം, ട്രാന്‍സ്പോര്‍ട്ടഷന്‍, റെജിസ്ട്രേഷന്‍, ഫുഡ്, പബ്ലിസിറ്റി എന്നിവ ഉള്‍പ്പെടുന്ന 10 സബ് കമ്മറ്റികളും രൂപീകരിച്ചു.  സംഘാടക സമിതിയോഗത്തില്‍ പങ്കെടുത്ത എല്ലാവരെയും കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. 

എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ എം.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.  വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി, ഡെപ്യൂട്ടി മേയര്‍ കെ.എ ആന്‍സിയ, നവകേരള മിഷന്‍ ഡയറക്ടര്‍ ഡോ.ടി.എന്‍ സീമ, നോളജ് ഇക്കണോമി മിഷന്‍ ഡയറക്ടര്‍ പി.കെ ശ്രീകല, ആരോഗ്യ
പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, മുന്‍ എം.പി സി.എസ് സുജാത, മുന്‍ എംഎല്‍എ ഇ.എസ് ബിജിമോള്‍, വനിത ശിശുവികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്, അസിസ്റ്റന്റ് കളക്ടര്‍ നിഷാന്ത് സിഹാര, വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ പ്രേംനാ മനോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close