Kottayam

വൃത്തി കാമ്പയിൻ;  വിദ്യാർഥികൾക്കും പരിശീലനം

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തമെന്ന സന്ദേശം ഉൾക്കൊണ്ട് പ്രവർത്തിക്കണം: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം’ എന്ന സന്ദേശം ഉൾക്കൊണ്ടും ഇവ എല്ലാവരിലുമെത്തിച്ചും വൃത്തി കാമ്പയിൻ മുന്നോട്ടു കൊണ്ടുപോകണമെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. മാലിന്യമുക്തം നവകേരളം പദ്ധതിയിലൂടെ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ നടത്തുന്ന വൃത്തി കാമ്പയിന്റെ ഭാഗമായി വിദ്യാർഥികൾക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം ആർപ്പൂക്കരയിലെ മെഡിക്കൽ കോളജ് ഗവൺമെന്റ് ഹൈസ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ഒക്ടോബർ ഒന്നിന് മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജിൽ നിന്നും ആരംഭിക്കുന്ന കാമ്പയിന് മെഡിക്കൽ കോളജ് ഗവൺമെന്റ് ഹൈസ്‌കൂളിലെ വിദ്യാർഥികളും ഭാഗമാകണം. മാലിന്യസംസ്‌ക്കരണത്തിന്റെ ആദ്യപടികൾ കുട്ടികളിൽ നിന്നാണ് ഉയർന്നുവരേണ്ടത്. മാലിന്യം നിക്ഷേപിക്കണ്ട സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക, പരിസര പ്രദേശങ്ങൾ വൃത്തിയായി സൂക്ഷിക്കാനുള്ള അവബോധമുണ്ടാകുക, മാലിന്യങ്ങൾ വലിച്ചെറിയാതിക്കുക തുടങ്ങിയ ബാലപാഠങ്ങൾ പഠിക്കുന്നതിന്റെ ഭാഗമാണ് പരിശീലന പരിപാടിയെന്നും മന്ത്രി പറഞ്ഞു.

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശം ഉയർത്തിയുള്ള പ്രതിജ്ഞ മന്ത്രി വിദ്യാർഥികൾക്ക് ചൊല്ലിക്കൊടുത്തു. ഏറ്റുമാനൂർ മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും കുട്ടികൾക്ക് വേണ്ടിയുള്ള പരിശീലന ക്ലാസുകൾ നടക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്ജ് പടികര, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ്, ജില്ലാ എജ്യുക്കേഷൻ ഓഫീസർ പി.ആർ. പ്രദീപ്, കീ റിസോഴ്സ് പേഴ്സൺ മറ്റക്കര എച്ച്.എസ്.എസിലെ സന്ദീപ് എസ്. നായർ, മെഡിക്കൽ കോളജ് ഗവൺമെന്റ് ഹൈസ്‌കൂൾ പ്രധാനാധ്യാപിക പ്രീതി ജോസഫ്, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, ഏറ്റുമാനൂർ മണ്ഡലം മാലിന്യമുക്തം കാമ്പയിൻ കൺവീനർ എ.കെ. ആലിച്ചൻ, സ്‌കൂൾ അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close